Skip to content

അവൻ ലോകകപ്പിലും വേണം !! തിലക് വർമ്മയെ പിന്തുണച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഇന്ത്യയ്ക്കായി ടി20 ഫോർമാറ്റിൽ മാത്രമല്ല ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും കളിക്കാനുള്ള കഴിവ് തിലക് വർമ്മയ്ക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് തിലക് വർമ്മ കാഴ്ച്ചവെച്ചത്.

ഏകദിനത്തിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് തിലക് വർമ്മ കാഴ്ച്ചവെച്ചിട്ടുള്ളത്. ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ അഭാവം തിലക് വർമ്മയിലൂടെ ഇന്ത്യയ്ക്ക് മറികടക്കാൻ സാധിക്കുമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

“ഹൈദരാബാദിനായുള്ള അവൻ്റെ ലിസ്റ്റ് എ പ്രകടനം നോക്കൂ. 25 മത്സരങ്ങൾ കളിച്ച അവൻ്റെ ശരാശരി 55 ന് മുകളിലാണ്. അഞ്ച് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും അവൻ നേടിയിട്ടുണ്ട്. അതിനർത്ഥം പകുതിയിലധികം സമയവും തൻ്റെ ഫിഫ്റ്റി സെഞ്ചുറിയാക്കി മാറ്റുവാൻ അവന് സാധിച്ചിട്ടുണ്ട്. ”

” ശ്രേയസ് അയ്യരുടെ അഭാവത്തിൽ അവനെ ഉൾപ്പെടുത്തുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മുൻപോട്ട് പോകുമ്പോൾ അവൻ വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരാഗമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ” എം എസ് കെ പ്രസാദ് പറഞ്ഞു.

വിൻഡീസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്നും 139 റൺസ് താരം നേടിയിട്ടുണ്ട്. പരമ്പരയിലെ ടോപ് സ്കോറർ കൂടിയാണ് തിലക് വർമ്മ.