Skip to content

ഏകദിനത്തിൽ എൻ്റെ പ്രകടനം മോശമാണ് !! സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ തൻ്റെ പ്രകടനം മോശമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. അത് തുറന്നുപറയുന്നതിൽ തനിയ്ക്ക് നാണക്കേട് ഇല്ലയെന്നും പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാനാണ് താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

ടി20 ക്രിക്കറ്റിൽ 51 മത്സരങ്ങളിൽ നിന്നും 45 ന് മുകളിൽ ശരാശരിയിൽ ഇതിനോടകം നാല് സെഞ്ചുറിയും 14 ഫിഫ്റ്റിയും ഉൾപ്പെടെ 1780 റൺസ് നേടിയ സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ 26 മത്സരങ്ങളിൽ നിന്നും 24.33 ശരാശരിയിൽ 511 റൺസ് മാത്രമാണ് നേടുവാൻ സാധിച്ചിട്ടുള്ളത്.

ടി20 ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ താൻ കളിക്കുന്നുണ്ടെന്നും എന്നാൽ ഏകദിന ക്രിക്കറ്റിൽ അത്രയധികം മത്സരങ്ങൾ കളിക്കുന്നില്ലയെന്നും മറ്റു ഫോർമാറ്റുകളെ വെച്ചുനോക്കുമ്പോൾ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഫോർമാറ്റ് ഏകദിനമാണെന്നും തുടരെ തുടരെ വിക്കറ്റുകൾ വീണാൽ ടെസ്റ്റ് ക്രിക്കറ്റിലെ പോലെയും അവസാന ഘട്ടങ്ങളിൽ ടി20 ക്രിക്കറ്റിലെ പോലെയും ഏകദിന ക്രിക്കറ്റിൽ ബാറ്റ് ചെയ്യേണ്ടിവരുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

അധികം പരിചയമില്ലാത്ത ഫോർമാറ്റ് ആയതിനാൽ ഏകദിനത്തിൽ കൂടുതൽ സമയം ചിവഴിക്കാനും കൂടുതൽ ചിന്തിക്കാനും രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും തന്നോട് ആവശ്യപെട്ടതായും സൂര്യകുമാർ യാദവ് പറഞ്ഞു.