Skip to content

തകർപ്പൻ പ്രകടനം !! റാഷിദ് ഖാൻ അടക്കമുള്ളവരെ പിന്നിലാക്കി കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് കുൽദീപ് യാദവ്. റാഷിദ് ഖാൻ, ഹസരങ്ക, യുസ്വെന്ദ്ര ചഹാൽ എന്നിവരെയാണ് തകർപ്പൻ പ്രകടനത്തോടെ കുൽദീപ് പിന്നിലാക്കിയത്.

നാലോവറിൽ 28 റൺസ് വഴങ്ങിയ കുൽദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റിൻ്റെ 50 വിക്കറ്റുകൾ കുൽദീപ് യാദവ് പൂർത്തിയാക്കി. കുട്ടി ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറും ലോക ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറും കൂടിയാണ് കുൽദീപ്.

വെറും 29 മത്സരങ്ങളിൽ നിന്നുമാണ് താരം 50 വിക്കറ്റ് പൂർത്തിയാക്കിയത്. 30 മത്സരങ്ങളിൽ 50 വിക്കറ്റ് നേടിയ ഹസരങ്ക, 31 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ റാഷിദ് ഖാൻ, ഇമ്രാൻ താഹിർ അടക്കമുള്ളവരെയാണ് കുൽദീപ് പിന്നിലാക്കിയത്. വെറും 26 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ അജന്ത മെൻഡിസ് മാത്രമാണ് കുൽദീപിന് മുൻപിലുള്ളത്.

ഇന്ത്യൻ കളിക്കാരുടെ കണക്കുനോക്കിയാൽ 34 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ ചഹാൽ 41 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ ബുംറ എന്നിവരാണ് കുൽദീപിന് പിന്നിലുള്ളത്.