Skip to content

ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കും !! ആത്മവിശ്വാസം പ്രകടിപ്പിച്ച് വഖാർ യൂനിസ്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് പാക് ഇതിഹാസതാരം വഖാർ യൂനിസ്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്തുവാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. എന്നാൽ ഇക്കുറി ആ നാണക്കേട് ബാബറും കൂട്ടരും മാറ്റുമെന്ന ആത്മവിശ്വാസത്തിലാണ് വഖാർ യൂനിസ്.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഒക്ടോബർ 15 ന് ഷെഡ്യൂൾ ചെയ്തിരുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കാനൊരുങ്ങുകയാണ് ഐസിസി. അതിന് മുൻപേ ഏഷ്യ കപ്പിലും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ഫൈനലിൽ ഇരു ടീമുകളും എത്തിയാൽ മൂന്ന് ഇന്ത്യ – പാക് പോരാട്ടം കാണുവാനുള്ള അവസാനം ആരാധകർക്കുണ്ടാകും.

” വളരെ കുറച്ചു മത്സരങ്ങൾ മാത്രം കളിക്കുമ്പോൾ അതും പാകിസ്ഥാനും ഇന്ത്യയും തമ്മിലാകുമ്പോൾ അവിടെയുള്ള സമ്മർദ്ദം ഊഹിക്കാൻ പോലുമാകില്ല. ലോകകപ്പിൽ പാകിസ്ഥാൻ എല്ലായ്പ്പോഴും ഇന്ത്യയ്ക്ക് മുൻപിൽ പരാജയപെട്ടിരുന്നു. പക്ഷേ കഴിഞ്ഞ നാളുകളിൽ ഇന്ത്യയേക്കാൾ നന്നായി സമ്മർദ്ദത്തെ അതിജീവിച്ചത് പാകിസ്ഥാനാണ്. ”

” ഞങ്ങൾക്ക് ഒരുപാട് മാച്ച് വിന്നർമാരുണ്ട്. അവർക്ക് ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കും. ബാബറും, ഷഹീനും, ഫഖർ സമാനുമെല്ലാം ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ സാധിക്കുന്നവരാണ്. ” വഖാർ യൂനിസ് പറഞ്ഞു.