Skip to content

ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെച്ച് പണമുണ്ടാക്കാൻ ബിസിസിഐ !! പ്രതീക്ഷിക്കുന്നത് പതിനായിരം കോടി

സമ്പത്ത് കൊണ്ട് വീണ്ടും കരുത്തരാകാൻ ഒരുങ്ങി ബിസിസിഐ. ഐ പി എൽ മീഡിയ റൈറ്റ്സിലെ ലോകത്തെ തന്നെ ഞെട്ടിച്ച ബിസിസിഐ ഇപ്പോഴിതാ ഹോം സീസൺ മീഡിയ റൈറ്റ്സും ലേലത്തിൽ വെച്ചചിരിക്കുകയാണ്. പതിനായിരം കോടിയാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വിൽക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.

88 മത്സരങ്ങളാണ് അടുത്ത അഞ്ച് വർഷം ഹോം സീസണിൽ ഇന്ത്യൻ ടീം കളിക്കുന്നത്. ഇതിൽ 21 മത്സരങ്ങൾ ഓസ്ട്രേലിയക്കെതിരെയും 18 മത്സരങ്ങൾ ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യ കളിക്കുന്നത്. ബിഗ് ടൂവുമായുള്ള ഈ 39 മത്സരങ്ങൾ തന്നെയായിരിക്കും മീഡിയ റൈറ്റ്സിൻ്റെ മൂല്യം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുക.

ഐ പി എൽ പോലെ ടെലിവിഷൻ റൈറ്റ്സും ഡിജിറ്റൽ റൈറ്റ്സും വേറിട്ടാണ് ബിസിസിഐ വിൽക്കുന്നത്. ഐ പി എൽ റൈറ്റ്സിനോളം എത്തില്ലയെങ്കിലും 10000 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐയുള്ളത്.

സീ-സോണി, ഡിസ്നി സ്റ്റാർ, വയാകോം 18 എന്നീ വമ്പന്മാർ തമ്മിൽ തന്നെയായിരിക്കും പ്രധാന പോരാട്ടം നടക്കുന്നത്. ഐ പി എൽ റൈറ്റ്സ് കൈവിട്ടതിന് പുറകെ വലിയ തിരിച്ചടിയാണ് ഡിസ്നി ഹോട്ട്സ്റ്റാർ ഏറ്റുവാങ്ങിയത്. രണ്ട് മാസങ്ങൾ കൊണ്ട് 40 ലക്ഷം പെയ്ഡ് ഉപഭോക്താക്കളെ അവർക്ക് നഷ്ടപെട്ടിരുന്നു. എന്നാൽ ഐസിസി റൈറ്റ്സും ഓസ്ട്രേലിയ റൈറ്റ്സും അവരുടെ കൈവശമുണ്ട്.

മറുഭാഗത്ത് സോണിയുടെ പക്കൽ നിലവിൽ ഐസിസി ടെലിവിഷൻ റൈറ്റ്സ് മാത്രമാണ് ഉള്ളത്. ഓസ്ട്രേലിയ റൈറ്റ്സും നഷ്ടമായത് സോണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. വയാകോമാകട്ടെ ഐ പി എൽ ഡിജിറ്റൽ റൈറ്റ്സ് കൊണ്ട് മാത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. തങ്ങളുടെ ചാനലിന് ഇന്ത്യൻ ടീമിൻ്റെ റൈറ്റ്സ് സ്വന്തമാക്കുകയെന്നതാകും അവരുടെ ലക്ഷ്യം.