Skip to content

യുവനിരയായാൽ തെറ്റുകൾ സ്വാഭാവികമാണ് !! വിൻഡീസിനെതിരായ തോൽവിയെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനായിരുന്നു ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

മത്സരത്തിൽ റൺചേസിങ് ശരിയായാണ് തങ്ങൾ തുടങ്ങിയതെന്നും ഒരു ഘട്ടത്തിൽ നല്ല നിലയിൽ എത്തിയ ശേഷം വരുത്തിയ ചില തെറ്റുകളാണ് മത്സരത്തിൽ പരാജയത്തിലേക്ക് വഴിവെച്ചതെന്നും ഒരു യുവനിരയായതിനാൽ തന്നെ തെറ്റുകൾ ഉണ്ടാകുമെന്നും ടീമെന്ന നിലയിൽ തങ്ങൾ ഒരുമിച്ച് വളരുമെന്നും മത്സരത്തിൻ്റെ നിയന്ത്രണം ഭൂരിഭാഗം സമയവും തങ്ങളുടെ കൈകളിൽ ആയിരുന്നുവെന്നും അതൊരു നല്ല സൂചനയാണെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

ബാറ്റിങിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരൻ തിലക് വർമ്മ മാത്രമാണ് തിളങ്ങിയത്. 22 പന്തുകൾ നേരിട്ട താരം രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 39 റൺസ് നേടിയാണ് പുറത്തായത്. ഞായറാഴ്ചയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.