Skip to content

പരമ്പര വിജയത്തിന് പുറകെ വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഹാർദിക്ക് പാണ്ഡ്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര വിജയത്തിന് പുറകെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. മൂന്നാം ഏകദിനത്തിൽ 200 റൺസിൻ്റെ കൂറ്റൻ വിജയം നേടികൊണ്ടാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യൻ ടീമിൻ്റെ യാത്രയിലും മറ്റു കാര്യങ്ങളിലും ഉണ്ടായ തടസ്സമാണ് ഹാർദിക്ക് പാണ്ഡ്യയുടെ വിമർശനത്തിന് ഇടയാക്കിയത്. മൂന്നാം മത്സരം നടന്ന ബ്രയാൻ ലാറ സ്റ്റേഡിയം ഏറ്റവും മികച്ച വേദികളിൽ ഒന്നാണെന്നും എന്നാൽ ഇനി വരുമ്പോൾ യാത്ര അടക്കമുള്ള കാര്യങ്ങളിലും മറ്റു അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധിക്കാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് ശ്രദ്ധിക്കണമെന്നും തങ്ങൾ ആഡംബരം ആവശ്യപെടുന്നില്ലയെന്നും പക്ഷേ അടിസ്ഥാന കാര്യങ്ങളിൽ എങ്കിലും തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

മത്സരത്തിൽ 52 പന്തിൽ 4 ഫോറും 5 സിക്സും അടക്കം 70 റൺസ് നേടി മികച്ച പ്രകടനമാണ് ഹാർദിക്ക് പാണ്ഡ്യ പുറത്തെടുത്തത്. താരത്തിനൊപ്പം 41 പന്തിൽ 51 റൺസ് നേടിയ സഞ്ജു സാംസൺ, 85 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 77 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരും മികവ് പുലർത്തി.