Skip to content

ഇന്ത്യയും ബാസ്ബോൾ പിന്തുടരുമോ ? മറുപടി നൽകി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ട് ടീം പരീക്ഷിച്ച് വിജയിച്ച ബാസ്ബോൾ സമീപനം ഇന്ത്യൻ ടീമും പിന്തുടരുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. വലിയ പിന്തുണയാണ് ഇംഗ്ലണ്ടിൻ്റെ പുതിയ സമീപനത്തിന് അവിടുത്തെ ആരാധകർ നൽകിയത്. ആഷസ് പരമ്പരയിലെ എല്ലാ ദിനവും സ്റ്റേഡിയം കാണികളാൽ നിറഞ്ഞിരുന്നു.

ഈ സമീപനം എന്തുകൊണ്ട് ഇന്ത്യയ്ക്ക് പിൻതുടർന്ന് കൂടാ എന്ന് ഒരു കൂട്ടം ആരാധകർ സോഷ്യൽ മീഡിയയിൽ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിന് വിജയിച്ച പോലെ ആ സമീപനം ഇന്ത്യയ്ക്ക് വിജയിക്കുമെന്ന് ഉറപ്പുപറയുവാൻ കഴിയില്ലെന്ന് അശ്വിൻ പറഞ്ഞു.

ബാസ്ബോളിന് പൂർണമായ പിൻതുണയാണ് ടീം മാനേജ്മെൻ്റും സെലക്ടർമാരും നൽകുന്നത്. മത്സരങ്ങൾ തോറ്റാൽ പോലും കാണികളും അവരെ പിൻതുണയ്ക്കുന്നു. പക്ഷേ ഇത്തരം സമീപനത്തോടെ ഇന്ത്യ കളിക്കുകയും ഹാരി ബ്രൂക്കിനെ പോലെ ഇന്ത്യൻ താരങ്ങൾ വേഗത്തിൽ റൺസ് നേടാൻ നോക്കി പുറത്താവുകയും രണ്ട് മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ സ്ഥിതി എന്താകുമെന്ന് ആലോചിക്കണമെന്നും ഇംഗ്ലണ്ട് ആരാധകരിൽ നിന്നും അവരുടെ ടീമിന് ലഭിച്ച പിൻതുണ അതേ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്നും നമ്മുടെ സംസ്കാരവും പ്രതികരണ ശീലവും വ്യത്യസ്തമാണെന്നും രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.