Skip to content

തകർന്നടിഞ്ഞ് വെസ്റ്റിൻഡീസ് !! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ മികവ് പുലർത്തിയ മത്സരത്തിൽ 200 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇതോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 352 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് 35.3 ഓവറിൽ 151 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ നാല് വിക്കറ്റും മുകേഷ് കുമാർ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും ഉനാദ്കട്ട് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയാകട്ടെ 92 പന്തിൽ 85 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 64 പന്തിൽ 77 റൺസ് നേടിയ ഇഷാൻ കിഷൻ, 52 പന്തിൽ 72 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ, 41 പന്തിൽ 51 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിൻഡീസ് വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളിലും ഫിഫ്റ്റി നേടിയ ഓപ്പണർ ഇഷാൻ കിഷനാണ് പ്ലേയർ ഓഫ് ദി സിരീസ്, ശുഭ്മാൻ ഗില്ലാണ് പ്ലേയർ ഓഫ് ദി മാച്ച്.