Skip to content

അന്ന് ഗിബ്സ് ! ഇന്ന് സ്റ്റോക്സ് !! ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഡ്രോപ്പ് ക്യാച്ച്

ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ ഡ്രോപ്പ് ക്യാച്ച്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലെ അവസാന ദിനത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ചാണ് 1999 ലോകകപ്പിൽ ഹേർഷൽ ഗിബ്സിനെ പോലെ സ്റ്റോക്സ് നഷ്ടപെടുത്തിയത്.

അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ മൊയിൻ അലി എറിഞ്ഞ ഓവറിലാണ് സംഭവം അരങ്ങേറിയത്. ഡിഫൻഡ് ചെയ്യാനുള്ള സ്മിത്തിൻ്റെ ശ്രമം പാളുകയും തുടക്കത്തിൽ എവിടെ തട്ടിയെന്ന് വ്യക്തമാകാത്ത പന്ത് നേരെ ഉയർന്നുപൊങ്ങുകയും സ്ലിപ്പിൽ നിന്നിരുന്ന സ്റ്റോക്സ് പന്ത് കൈപിടിയിൽ ഒതുക്കുകയും ചെയ്തു. അമ്പയർ ഔട്ട് വിധിക്കാതിരുന്നതോടെ സ്റ്റോക്സ് റിവ്യൂ ചെയ്യുകയും ചെയ്തു.

തേർഡ് അമ്പയർ നിതിൻ മേനോൻ്റെ പരിശോധനയിൽ പന്ത് സ്മിത്തിൻ്റെ ഗ്ലൗസിൽ തട്ടുന്നത് വ്യക്തമായതോടെ ഇംഗ്ലീഷ് ആരാധകർ ആഘോഷം തുടങ്ങി. എന്നാൽ പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. ഉയർന്നുപൊങ്ങി ഒറ്റകയ്യിൽ പന്ത് കൈപിടിയിൽ ഒതുക്കിയെങ്കിലും ആവേശത്തിൽ സെലിബ്രേറ്റ് ചെയ്യുന്നതിനിടെ പന്ത് സ്റ്റോക്സിൻ്റെ തുടയിൽ തട്ടി തെറിച്ചു ഗ്രൗണ്ടിൽ വീണിരുന്നു.

ഇത് വ്യക്തമായതോടെ ക്യാച്ച് ക്ലീൻ അല്ലെന്ന് നിതിൻ മേനോൻ വിധിയെഴുതി. ആദ്യ ഇന്നിങ്സിൽ റണ്ണൗട്ടിലും നിതിൻ മേനോൻ്റെ തീരുമാനം സ്മിത്തിന് അനുകൂലമായിരുന്നു. രണ്ട് തവണയും ശരിയായ തീരുമാനമാണ് ഇന്ത്യൻ അമ്പയറിൽ നിന്നുണ്ടായത്.

വീഡിയോ ;