Skip to content

ഇന്ത്യ സാധാരണ ടീമായി മാറിയിരിക്കുന്നു !! വിമർശനവുമായി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം രംഗത്ത്. മൂന്ന് ടീമുണ്ടാക്കാൻ പോലും കഴിവുള്ള താരങ്ങൾ ഉണ്ടെന്ന് അഹങ്കരിച്ച ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യത പോലും നേടാത്ത വിൻഡീസ് ടീമിനോട് പരാജയപെടുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഒഴിച്ച് ഇന്ത്യൻ ടീം മറ്റു രണ്ട് ഫോർമാറ്റിലും സാധാരണ ടീമായി മാത്രം മാറിയെന്നും ചെറിയ നേട്ടം പോലും വലിയ രീതിയിൽ ആഘോഷിക്കേണ്ട അവസ്ഥയിൽ ഇന്ത്യൻ ടീം എത്തിയെന്നും വെങ്കടേഷ് പ്രസാദ് തുറന്നടിച്ചു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഓസ്ട്രേലിയ അടക്കമുള്ള ടീമുകളോട് ഏകദിന പരമ്പര പരാജയപെട്ടതും കഴിഞ്ഞ രണ്ട് ടി20 ലോകകപ്പിലെ മോശം പ്രകടനവും ചൂണ്ടികാട്ടിയാണ് വെങ്കടേഷ് പ്രസാദ് ടീമിനെ വിമർശിച്ചത്.

ഇംഗ്ലണ്ടിനെ പോലെയോ ഓസ്ട്രേലിയയെ പോലെയോ ആവേശം കൊള്ളിക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ലയെന്നും ഒരു ചാമ്പ്യൻ ടീമിൽ നിന്നും സാമാന്യ നേട്ടങ്ങൾ പോലും വലിയ രീതിയിൽ ആഘോഷിക്കുന്ന ടീമായി ഇന്ത്യ മാറിയെന്നും ഇന്ത്യൻ ടീമിൻ്റെ സമീപനവും ഇതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.