Skip to content

അതിന് വേണ്ടിയാണ് ആ മാറ്റങ്ങൾ വരുത്തിയത് !! ബാറ്റിങ് പൊസിഷനിലെ മാറ്റങ്ങളെ കുറിച്ച് രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് പൊസിഷനിൽ നിരവധി മാറ്റങ്ങൾ നടത്തികൊണ്ടുള്ള പരീക്ഷണം എന്തിനായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഏഴാമനായാണ് രോഹിത് ശർമ്മ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ ബാറ്റ് ചെയ്തതുമില്ല.

ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. മൂന്നാമനായി സൂര്യകുമാർ യാദവ് എത്തിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ നാലാമനായും ജഡേജ അഞ്ചാമനായും ഷാർദുൽ താക്കൂർ ആറാമനായും ബാറ്റ് ചെയ്യാനെത്തി.

ടീമിലുള്ള എല്ലാവർക്കും അവസരം നൽകാൻ വേണ്ടിയാണ് ഇത്തരത്തിൽ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തിയതെന്നായിരുന്നു രോഹിത് ശർമ്മയുടെ പ്രതികരണം. എന്നാൽ ഇത്രയും വിക്കറ്റുകൾ നഷ്ടപെടുമെന്ന് കരുതിയില്ലെന്നും വരും മത്സരങ്ങളിലും ഇത്തരത്തിൽ പരീക്ഷണം ഉണ്ടാകുമെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 114 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 115 റൺസിൻ്റെ വിജയലക്ഷ്യം 22.5 ഓവറിൽ മറികടന്നു.