Skip to content

ഏഴാമനായി എത്തി വിജയ റൺ നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി ഇന്ത്യ. ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന വെസ്റ്റിൻഡീസിൽ നിന്നും കാര്യമായ വെല്ലുവിളി ഇന്ത്യ നേരിട്ടില്ല.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 23 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 115 റൺസിൻ്റെ അനായാസ വിജയലക്ഷ്യം 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ 46 പന്തിൽ 52 റൺസ് നേടി മികവ് പുലർത്തി. ശുഭ്മാൻ ഗിൽ 16 പന്തിൽ 7 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 25 പന്തിൽ 19 റൺസും ഹാർദിക്ക് പാണ്ഡ്യ 7 പന്തിൽ 5 റൺസും താക്കൂർ ഒരു റൺസും നേടി പുറത്തായി. താക്കൂർ പുറത്തായി ഏഴാമനായാണ് രോഹിത് ശർമ്മ ക്രീസിലെത്തിയത്. രോഹിത് ശർമ്മ 12 റൺസും ജഡേജ 16 റൺസും നേടി പുറത്താകാതെ നിന്നു.

3 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, 6 ഓവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ഇന്ത്യ ചുരുക്കികെട്ടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജൂലൈ 29 നാണ് പരമ്പരയിലെ രണ്ടാം മത്സരം.