Skip to content

കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം !! ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും

ഏകദിന ലോകകപ്പിലെ സന്നാഹ മത്സരങ്ങൾ അനുവദിച്ചതിന് പുറകെ കേരളത്തിന് വീണ്ടും തകർപ്പൻ മത്സരം സമ്മാനിച്ച് ബിസിസിഐ. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. കഴിഞ്ഞ തവണ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിൽ കാണികൾ കുറവായത് വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. എന്നാൽ ഇക്കുറി ശക്തരായ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ മുൻപത്തെ പോലെ കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

2023-04 ഹോം സീസണിൽ 16 മത്സരങ്ങളാണ് ബിസിസിഐ ഉൾകൊള്ളിച്ചിരിക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 8 ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ഏകദിന പരമ്പരയോടെയാണ് ഹോം സീസൺ ആരംഭിക്കുക. ഏകദിന ലോകകപ്പിന് മുൻപായി സെപ്റ്റംബർ മാസത്തിലാണ് പരമ്പര നടക്കുക.

ഏകദിന ലോകകപ്പിന് ശേഷമാണ് ടി20 പരമ്പര ആരംഭിക്കുക. നവംബർ 26 നാണ് തിരുവനന്തപുരത്ത് മത്സരം നടക്കുക. പിന്നീട് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും.