Skip to content

ഇന്ത്യൻ ക്യാപ്റ്റനെതിരെ കടുത്ത നടപടിയുമായി ഐസിസി

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ അതിരുവിട്ട രോഷപ്രകടനമാണ് ഈ നടപടിയിലേക്ക് നയിച്ചത്.

മത്സരത്തിൽ പുറത്തായതിന് പുറകെ അമ്പയറുടെ തീരുമാനത്തിൽ രോഷകുലയായ താരം ബാറ്റ് കൊണ്ട് ശക്തിയായി സ്റ്റമ്പ് തട്ടിതെറിപ്പിച്ചിരുന്നു. കൂടാതെ അമ്പയർക്കെതിരെ മോശം വാക്കുകളും പ്രയോഗിച്ചു. കൂടാതെ മത്സരശേഷം അമ്പയർ ബംഗ്ലാദേശിനായി കളിച്ചുവെന്ന രീതിയിൽ ഇരു ടീമുകളും ട്രോഫിയുമായി പോസ് ചെയ്യുന്നതിനിടെ താരം വിളിച്ചുപറയുകയും ചെയ്തു. മത്സരത്തിന് ശേഷമുണ്ടായ താരത്തിൻ്റെ പ്രകടനത്തിനെതിരെ ബംഗ്ലാദേശ് ക്യാപ്റ്റൻ രംഗത്തെത്തിയിരുന്നു. കൂടാതെ മുൻ ഇന്ത്യൻ താരം മദൻ ലാൽ ഉൾപടെയുള്ളവർ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ താരത്തെ ഇനിയുള്ള രണ്ട് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിലക്കിയിരിക്കുകയാണ് ഐസിസി. ലെവൽ 2 ശിക്ഷയാണ് ഹർമൻപ്രീത് കൗറിന് വിധിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയായും കൗർ നൽകേണ്ടിവരും. കൂടാതെ അമ്പയർമാരെ പരസ്യമായി വിമർശിച്ചതിനാൽ 25 ശതമാനം പിഴയും നൽകേണ്ടിവരും. ഇതോടെ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റന് കളിക്കാൻ സാധിക്കില്ല. ഇന്ത്യ ഫൈനലിൽ എത്തിയാൽ ആ മത്സരത്തിൽ മാത്രമേ താരത്തിന് കളിക്കാനാകൂ.