Skip to content

തുടർച്ചയായ രണ്ടാം വിജയം ! ലോകകപ്പ് പ്രതീക്ഷ സജീവമാക്കി ജപ്പാൻ

ഐസിസി ടി20 ലോകകപ്പ് പ്രതീക്ഷ സജീവമാക്കി ജപ്പാൻ. ഫുട്ബോൾ ലോകകപ്പിൽ ഞെട്ടിച്ച ജപ്പാൻ ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പിലും യോഗ്യതയ്ക്ക് അരികെ എത്തിയിരിക്കുകയാണ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയറിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കുകയാണ് ജപ്പാൻ. ഫിലിപ്പീൻസ്, വാനവാട്ടൂ എന്നീ ടീമുകളെയാണ് ജപ്പാൻ പരാജയപെടുത്തിയത്. നാല് ടീമുകളാണ് ഈസ്റ്റ് ഏഷ്യ ക്വാളിഫയറിൽ കളിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയാണ് ക്വാളിഫയറിലെ ശക്തരായ ടീം. ഇവർക്കെതിരെയാണ് ജപ്പാൻ്റെ അടുത്ത മത്സരം. ക്വാളിഫയറിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് അടുത്ത വർഷം വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കും.

നിലവിൽ യൂറോപ്പ് ക്വാളിഫയറും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആഫ്രിക്ക, ഏഷ്യ ക്വാളിഫയർ നവംബറിലും അമേരിക്കാസ് ക്വാളിഫയർ സെപ്റ്റംബറിലുമാണ് നടക്കാനിരിക്കുന്നത്. എട്ട് ടീമുകളാണ് ക്വാളിഫയറിലൂടെ യോഗ്യത നേടുക. 20 ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത്. സൂപ്പർ 12 പൂർണമായും ഒഴിവാക്കിയാണ് ഇത്തവണ ടൂർണമെൻ്റ് നടക്കുന്നത്. അതുകൊണ്ട് തന്നെ യോഗ്യത നേടുന്ന കുഞ്ഞൻ ടീമുകൾക്ക് ലോക ക്രിക്കറ്റിലെ വമ്പന്മാരുമായി മത്സരിക്കാനുള്ള അവസരമുണ്ടാകും.