Skip to content

തീയായി സിറാജ് !! വെസ്റ്റിൻഡീസ് 255 റൺസിന് പുറത്ത്

മൊഹമ്മദ് സിറാജിൻ്റെ തകർപ്പൻ ബൗളിംഗ് മികവിൽ വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ചുരുക്കികെട്ടി ഇന്ത്യ. നാലാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ വെസ്റ്റിൻഡീസ് തകർന്നടിയുകയായിരുന്നു.

നാലാം ദിനം 229 റൺസിന് അഞ്ച് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിൻഡീസിന് പിന്നീട് 26 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടമായി. ഇതോടെ 183 റൺസിൻ്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കി. 23.4 ഓവറിൽ 60 റൺസ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റും നേടിയത്. സിറാജിൻ്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.

അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അശ്വിൻ ഒരു വിക്കറ്റ് നേടി. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് ടീമിലെ ടോപ്പ് സ്കോറർ.

ആദ്യ ഇന്നിങ്സിൽ കോഹ്ലിയുടെ സെഞ്ചുറി മികവിൽ 438 റൺസ് ഇന്ത്യ നേടിയിരുന്നു. 121 റൺസ് നേടിയ കോഹ്ലിയ്ക്കൊപ്പം 80 റൺസ് നേടിയ രോഹിത് ശർമ്മയും 61 റൺസ് നേടിയ രവീന്ദ്ര ജഡേജയും 56 റൺസ് നേടിയ അശ്വിനും 57 റൺസ് നേടിയ യശസ്വി ജയ്സ്വാളും മികവ് പുലർത്തി.