Skip to content

ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ! ശ്രദ്ധയോടെ തുടങ്ങി വെസ്റ്റിൻഡീസ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിൽ 438 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

തൻ്റെ അഞ്ഞൂറാം മത്സരത്തിനായി ഇറങ്ങിയ കോഹ്ലി 206 പന്തിൽ 121 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിയുടെ 29 ആം ടെസ്റ്റ് സെഞ്ചുറിയും 76 ആം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്. രവീന്ദ്ര ജഡേജ 61 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ രവിചന്ദ്രൻ അശ്വിൻ 56 റൺസ് നേടി. വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 25 റൺസ് നേടി പുറത്തായി.

നേരത്തെ ആദ്യ ദിനത്തിൽ 80 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 57 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 10 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 8 റൺസ് നേടിയ അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു.

മറുപടി ബാറ്റിങിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. 37 റൺസ് നേടിയ ക്യാപ്റ്റൻ ബ്രാത്വെയ്റ്റും 14 റൺസ് നേടിയ മകൻസിയുമാണ് വിൻഡീസിനായി ക്രീസിലുള്ളത്. 33 റൺസ് നേടിയ ടാഗനറൈൻ ചന്ദ്രപോളിൻ്റെ വിക്കറ്റാണ് വെസ്റ്റിൻഡീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തിയത്.