Skip to content

അഞ്ഞൂറാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ 500 ആം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് കോഹ്ലി സെഞ്ചുറി കുറിച്ചത്. 180 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 29 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 76 ആം സെഞ്ചുറിയുമാണിത്.

മികച്ച തുടക്കമാണ് ആദ്യ മത്സരത്തിലെന്ന പോലെ രോഹിത് ശർമ്മയും ജയ്സ്വാളും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 139 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജയ്സ്വാൾ 57 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 80 റൺസും നേടി പുറത്തായി. ശുഭ്മാൻ 10 റൺസ് മാത്രം നേടി പുറത്തായി വീണ്ടും നിരാശപ്പെടുത്തിയപ്പോൾ 8 റൺസ് നേടിയ അജിങ്ക്യ രഹാനെയ്ക്കും തിളങ്ങാൻ സാധിച്ചില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം നേടിയിരുന്നു. ഈ മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി മുഴുവൻ പോയിൻ്റും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.