Skip to content

ഇസ്ലാമിന് അനുസരിച്ച് ജീവിക്കണം ! പതിനെട്ടാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച് പാക് താരം

ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷതമായി വിരമിച്ച് വാർത്തകളിൽ ഇടംനേടി പാകിസ്ഥാൻ വനിതാ താരം ആയിഷ നസീം. പതിനെട്ടാം വയസ്സിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം വിരമിച്ചിരിക്കുന്നത്. മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പാകിസ്ഥാൻ മീഡിയകളുടെ റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാം മതത്തിനനുസരിച്ച് ജീവിക്കുവാനായാണ് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച യുവതാരം 4 ഏകദിനങ്ങളിലും 30 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. താരത്തിൻ്റെ കഴിവിനെ ഇതിഹാസ താരം വസീം അക്രം അടക്കമുള്ളവർ പ്രശംസിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പാക് ക്യാപ്റ്റൻ നിദാധാറും പാക് ക്രിക്കറ്റ് ബോർഡും താരത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല.

നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ടീമുകളിൽ ഒന്നാണ് പാകിസ്ഥാൻ. ടീം ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കുന്ന വേളയിൽ യുവതാരം പിന്മാറിയത് ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്.