Skip to content

താരങ്ങളുടെ പരിക്കിൽ നിർണായക വിവരം പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യൻ ടീമിലെ പ്രാധാനപെട്ട താരങ്ങളുടെ പരിക്കിൽ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ട് ബിസിസിഐ. ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പ്രസീദ് കൃഷ്ണ അടക്കമുള്ളവരുടെ കാര്യത്തിലാണ് പുതിയ വിവരം ബിസിസിഐ ആരാധകർക്കായി പുറത്തുവിട്ടത്.

പേസർമാരായ പ്രസീദ് കൃഷ്ണയും ജസ്പ്രീത് ബുംറയും റിഹാബ്പ്രവർത്തനത്തിൻ്റെ അവസാന ഘട്ടത്തിലാണ്. നെറ്റ്സിൽ ഇരുവരും പൂർണ ശക്തിയോടെ പന്തെറിയുകയാണെന്നും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന പരിശീലന മത്സരത്തിൽ ഇരുവരും കളിക്കുമെന്നും അതിന് ശേഷമായിരിക്കും മെഡിക്കൽ ടീം ഇരുവരുടെയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും ബിസിസിഐ വ്യക്തമാക്കി.

മറുഭാഗത്ത് കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരവിൻ്റെ അവസാന ഘട്ടത്തിലാണ് ഉള്ളത്. നെറ്റ്സിൽ ബാറ്റിങ് പുനരാരംഭിച്ച ഇരുവരും നിലവിൽ ഫിറ്റ്നസിലും സ്ട്രെങ്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ബിസിസിഐ പറഞ്ഞു.

റിഷഭ് പന്തിൻ്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതിലും നേരത്തെയാകുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. മികച്ച പുരോഗതി റിഷഭ് പന്ത് കൈവരിച്ചുവെന്നും ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും പരിശീലനം ആരംഭിച്ചുവെന്നും ബിസിസിഐ വ്യക്തമാക്കി.