Skip to content

സെഞ്ചുറിയുമായി സായ് സുദർശൻ ! പാകിസ്ഥാൻ എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജിങ് ടീം ഏഷ്യ കപ്പിൽ പാകിസ്ഥാൻ എയ്ക്കെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ വിജയം. സായ് സുദർശൻ, ഹാംഗാർഗെക്കർ എന്നിവരുടെ മികവിലായിരുന്നു എട്ട് വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം 36.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 110 പന്തിൽ 10 ഫോറും മൂന്ന് സിക്സും ഉൾപ്പടെ പുറത്താകാതെ 104 റൺസ് നേടിയ സായ് സുദർശനാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. നികിൻ ജോസ് 64 പന്തിൽ 53 റൺസ് നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി കളിച്ച ധഹാനി, മൊഹമ്മദ് വാസിം, മൊഹമ്മദ് ഹാരിസ് അടക്കമുള്ളവർ ഉണ്ടായിട്ടും ഇന്ത്യൻ യുവനിരക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ പാകിസ്ഥാന് സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 48 ഓവറിൽ 205 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 8 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാംഗാർഗെക്കറാണ് പാകിസ്ഥാനെ തകർത്തത്. മാനവ് സുധർ മൂന്ന് വിക്കറ്റും റിയാൻ പരാഗ്, നിഷാന്ത് സിന്ധു എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.