Skip to content

രാഹുൽ ദ്രാവിഡ് അടക്കമുള്ളവർക്ക് വിശ്രമം! അയർലൻഡ് പര്യടനത്തിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ള പരിശീലകർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവർക്കാണ് രാഹുൽ ദ്രാവിഡിനൊപ്പം ബിസിസിഐ വിശ്രമം അനുവദിക്കുക.

നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വി വി എസ് ലക്ഷ്മണായിരിക്കും അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ ഹെഡ് കോച്ച്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മറ്റു പരിശീലകരും ഇന്ത്യൻ ടീമിനൊപ്പം ചേരും. ഹാർദിക്ക് പാണ്ഡ്യ തന്നെയാകും ഇക്കുറിയും ഇന്ത്യൻ ടീമിനെ നയിക്കുക.

പരിക്കിൽ നിന്നും മുക്തനായ ജസ്പ്രീത് ബുംറ പരമ്പരയിൽ ഇന്ത്യയ്ക്കായി മടങ്ങിയെത്തും. ഇവിടെ ബുംറയുടെ ജോലിഭാരം നോക്കിയ ശേഷമാകും ഏകദിനത്തിൽ താരം മടങ്ങിയെത്തുക. പരിക്കിൻ്റെ പിടിയിലായ മറ്റു താരങ്ങളായ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പര്യടനത്തിൽ ഉണ്ടാകില്ല. ഇരുവരുടെയും തിരിച്ചുവരവിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടിവരും.