Skip to content

അവനെ പുറത്താക്കാൻ വളരെ എളുപ്പമായിരുന്നു !! വീരേന്ദർ സെവാഗിനെ പരിഹസിച്ച് പാക് ബൗളർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്നു വീരേന്ദർ സെവാഗ്. തങ്ങൾ ഏറെ ഭയപ്പെട്ടിരുന്ന ബാറ്റ്സ്മാനാണ് സെവാഗെന്ന് പല ഇതിഹാസ ബൗളർമാരും അഭിപ്രായപെട്ടിരുന്നു. എന്നാൽ സെവാഗ് എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ബാറ്റ്സ്മാനായിരുന്നുവെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ബൗളർ റാണ നവേദ് ഉൾ ഹസൻ.

2004-05 ഇന്ത്യ പാകിസ്ഥാൻ ഏകദിന പരമ്പരയിലെ സംഭവം വിവരിച്ചുകൊണ്ടാണ് സെവാഗ് തനിക്ക് മുൻപിൽ ഒന്നുമല്ലെന്ന വാദം താരം മുൻപോട്ട് വെച്ചത്. പരമ്പരയിൽ സെവാഗ് 85 റൺസിൽ ബാറ്റ് ചെയ്യവേ താൻ ഇൻസമാം ഉൾ ഹഖിൽ നിന്നും ഓവർ ചോദിച്ചുവാങ്ങിയെന്നും ശേഷം നിനക്ക് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ലെന്നും പാകിസ്ഥാനിലായിരുന്നുവെങ്കിൽ ടീമിൽ പോലും ഉണ്ടാകില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് താൻ സെവാഗിനെ സ്ലെഡ്ജ് ചെയ്തുവെന്നും അതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ സെവാഗ് പുറത്തായെന്നും ഉൾ ഹസൻ പറഞ്ഞു.

ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ഏറ്റവും എളുപ്പത്തിൽ പുറത്താക്കാൻ സാധിക്കുന്ന ബാറ്റ്സ്മാൻ സെവാഗാണെന്നും ഏറ്റവും പ്രയാസം രാഹുൽ ദ്രാവിഡുമാണെന്നും മുൻ പാക് പേസർ കൂട്ടിച്ചേർത്തു.