Skip to content

ഹാട്രിക്ക് വിഫലം ! അവസാന ഓവറിൽ ആവേശവിജയവുമായി ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ കരീം ജാനതാണ് മത്സരം കൂടുതൽ ആവേശകരമാക്കിയത്.

മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിൽ ശേഷിക്കെ 6 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടികൊണ്ട് മേഹിദി ഹസൻ ബൗണ്ടറി നേടിയതോടെ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചുവെന്ന് കരുതിയെങ്കിലും തൊട്ടടുത്ത പന്തിൽ മേഹിദി ഹസനെയും പിന്നീടുളള രണ്ട് പന്തിൽ ടസ്കിൻ അഹമ്മദ്, നസും അഹമ്മദ് എന്നിവരെ പുറത്താക്കികൊണ്ട് കരീം ജാനത് ബംഗ്ലാദേശിനെ വിറപ്പിച്ചു.

എന്നാൽ അഞ്ചാം പന്തിൽ ഷോറിഫുൾ ഇസ്ലാം ബൗണ്ടറി നേടിയതോടെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി. 32 പന്തിൽ 47 റൺസ് നേടിയ തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 40 പന്തിൽ 54 റൺസ് നേടിയ മൊഹമ്മദ് നബിയുടെ മികവിലാണ് 154 റൺസ് നേടിയത്. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുൻപിലെത്തി. നേരത്തെ ഏകദിന പരമ്പര 2-1 ന് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരുന്നു.