Skip to content

വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ഗംഭീര സെഞ്ചുറിയോടെയാണ് ജയ്സ്വാൾ ഈ റെക്കോർഡ് തകർത്തത്.

ആദ്യ ഇന്നിങ്സിൽ 171 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്. 16 ഫോറും ഒരു സിക്സും ജയ്സ്വാൾ നേടി. ഈ പ്രകടനത്തോടെ ടെസ്റ്റിൽ വിദേശത്ത് അരങ്ങേറ്റ ഇന്നിങ്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന അഭിമാനനേട്ടം ജയ്സ്വാൾ സ്വന്തമാക്കി. ഇതാദ്യമായാണ് വിദേശത്ത് അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യൻ താരം ആദ്യ ഇന്നിങ്സിൽ തന്നെ 150+ റൺസ് നേടുന്നത്.

1996 ൽ ലോർഡ്സിലെ തൻ്റെ അരങ്ങേറ്റ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 131 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് യശസ്വി ജയ്സ്വാൾ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് ജയ്സ്വാൾ. 387 പന്തിൽ നിന്നുമാണ് ജയ്സ്വാൾ 171 റൺസ് നേടിയത്.