Skip to content

മൂന്നാമനായുള്ള ആദ്യ അവസരത്തിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയ ശേഷമുള്ള തൻ്റെ ആദ്യ ഇന്നിങ്സിൽ തിളങ്ങാനാകാതെ ശുഭ്മാൻ ഗിൽ. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഗിൽ ക്രീസിലെത്തിയത്.

മൂന്നാമനായി ക്രീസിലെത്തിയ താരത്തിന് 11 പന്തിൽ 6 റൺസ് മാത്രമാണ് നേടുവാൻ സാധിച്ചത്. മത്സരത്തിന് മുൻപ് ടീം മാനേജ്മെൻ്റുമായും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായും കൂടിയാലോചിച്ച ശേഷമാണ് ഗിൽ ഓപ്പണിങ് സ്ഥാനത്തുനിന്നും സ്വയം പിന്മാറിയത്. ആഭ്യന്തര ക്രിക്കറ്റിൽ മൂന്നാമനായി ബാറ്റ് ചെയ്തിരുന്നതിനാലാണ് ഈ നമ്പറിൽ കളിക്കാൻ ഗിൽ താൽപ്പര്യം പ്രകടിപ്പിച്ചത്.

ചേതേശ്വർ പുജാരയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ മറ്റൊരാളെ തേടേണ്ട വെല്ലുവിളി ഇന്ത്യൻ ടീമിന് മുൻപിലുണ്ടായിരുന്നു. ആദ്യ ശ്രമത്തിൽ പാളിയെങ്കിലും മികച്ച ഫോമിൽ തിരിച്ചെത്തി മൂന്നാം നമ്പർ സ്ഥാനം ഗിൽ ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീമും ആരാധകരും.

മറുഭാഗത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകികൊണ്ടാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 229 റൺസ് ജയ്സ്വാളിനൊപ്പം രോഹിത് കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ പത്താം സെഞ്ചുറി നേടിയ ഹിറ്റ്മാൻ 103 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടിയിട്ടുണ്ട്. 116 റൺസ് നേടിയ ജയ്സ്വാളും 4 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. 95 റൺസിൻ്റെ ലീഡ് ഇതിനോടകം ഇന്ത്യയ്ക്കുണ്ട്.