Skip to content

ഇത് ഹിറ്റ്മാൻ്റെ തിരിച്ചുവരവ് !! തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 220 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ പത്താം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 44 ആം സെഞ്ചുറിയുമാണിത്. 221 പന്തിൽ 10 ഫോറും രണ്ട് സിക്സും ഉൾപ്പെടെ 103 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ടെസ്റ്റിൽ ഓപ്പണറായി രോഹിത് ശർമ്മ നേടുന്ന ഏഴാം സെഞ്ചുറിയാണിത്.

രോഹിത് ശർമ്മയ്ക്ക് മുൻപേ ആദ്യ ഇന്നിങ്സിൽ സഹ ഓപ്പണർ യശസ്വി ജയ്സ്വാളും സെഞ്ചുറി നേടി. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമാണ് ജയ്സ്വാൾ. ഇരുവരുടെയും സെഞ്ചുറി മികവിൽ കൂറ്റൻ സ്കോറിലേക്കാണ് ഇന്ത്യ കുതിക്കുന്നത്. ഇതിനോടകം വെസ്റ്റിൻഡീസിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോർഡ് ഇരുവരും സ്വന്തമാക്കി കഴിഞ്ഞു. ഓപ്പണിങ് കൂട്ടുകെട്ടിൽ 221 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.