Skip to content

ഇത് അഫ്ഗാൻ വീര്യം !! ബംഗ്ലാദേശിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 142 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ അഫ്ഗാൻ കുറിച്ചത്. ഇതോടെ ഏകദിന പരമ്പര അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി.

മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 332 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 43.2 ഓവറിൽ 189 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 69 റൺസ് നേടിയ മുഷ്ഫിഖുർ റഹിം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽ ഫറൂഖി, മുജീബ് റഹ്മാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 125 പന്തിൽ 145 റൺസ് നേടിയ റഹ്മനുള്ള ഗർബാസ്, 100 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ എന്നിവരുടെയും മികവിലാണ് 50 ഓവറിൽ 331 റൺസ് നേടിയത്.

കഴിഞ്ഞ എട്ട് വർഷത്തിൽ ബംഗ്ളാദേശിനെ അവരുടെ സ്വന്തം നാട്ടിൽ ഏകദിന പരമ്പരയിൽ പരാജയപെടുത്തുന്ന രണ്ടാമത്തെ ടീമാണ് അഫ്ഗാനിസ്ഥാൻ.