Skip to content

അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

ലോർഡ്സ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ ഓസീസ് വിക്കറ്റ് കീപ്പറായ അലക്സ് കാരിയെ പിന്തുണച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. അലക്സ് കാരിയെ ക്രൂശിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവൻ ചെയ്തതിൽ യാതൊരു ശരികേടും ഇല്ലെന്നും അശ്വിൻ പറഞ്ഞു.

ഗ്രീൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഒഴിഞ്ഞുമാറി ഓവർ അവസാനിച്ചുവെന്ന് കരുതി ക്രീസിൽ നിന്നും പുറത്തിറങ്ങുന്നതിനിടെയാണ് ബെയർസ്റ്റോയെ പന്ത് സ്‌റ്റംമ്പിൽ എറിഞ്ഞുകൊണ്ട് അലക്സ് കാരി റണ്ണൗട്ടാക്കിയത്. ഓസ്ട്രേലിയൻ താരങ്ങൾ അപ്പീലുമായി മുൻപോട്ട് പോയതോടെ തേർഡ് അമ്പയറും ഔട്ട് വിധിച്ചു. ഇത് ഇംഗ്ലണ്ട് താരങ്ങളെയും കാണികളെയും രോഷാകുലരാക്കിയിരുന്നു. ലഞ്ചിന് പിരിയുന്നതിനിടെ കാണികളിൽ ചിലർ ഓസ്ട്രേലിയൻ താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

” ഒരു വസ്തുത നമ്മൾ മനസ്സിലാക്കണം. ഒരു ബാറ്റ്സ്മാൻ തുടർച്ചയായി ക്രീസ് വിടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറും വെറുതെ സ്റ്റമ്പിൽ പന്തെറിയില്ല. തുടർച്ചയായി ക്രീസിൽ നിന്നിറങ്ങുന്ന പാറ്റേൺ വിക്കറ്റ് കീപ്പറോ മറ്റു താരങ്ങളോ കണ്ടിരിക്കണം. ഇത് അനീതിയാണ് മാന്യതയ്ക്ക് നിരക്കുന്നതല്ല എന്നെല്ലാം പറയാതെ ആ കളിക്കാരൻ്റെ ഗെയിം സ്മാർട്നസിനെ നമ്മൾ അഭിനന്ദിക്കണം. ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.