Skip to content

ഹൃദയഭേദകം !! ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ

ക്രിക്കറ്റ് ആരാധകർക്ക് നിരാശ സമ്മാനിച്ച് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ സിംബാബ്‌വെ. ക്വാളിഫയറിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ സ്കോട്ലൻഡിനോട് പരാജയപെട്ടതോടെയാണ് സിംബാബ്‌വെ ലോകകപ്പിൽ നിന്നും പുറത്തായത്.

വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ പരാജയപെട്ടത്. സ്കോട്ലൻഡ് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 41.1 ഓവറിൽ 203 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 84 പന്തിൽ 83 റൺസ് നേടിയ റയാൻ ബേൾ ഒറ്റയാൾ പോരട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിയാതെ എത്തിയ സിംബാബ്വെ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഒമാനെ പരാജയപെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോട് പരാജയപെട്ടിരുന്നു. ഒമാനെതിരെ വലിയ വിജയം നേടി നെറ്റ് റൺ റേറ്റ് ഉയർത്താൻ സാധിക്കാതിരുന്നതും ശ്രീലങ്കയ്ക്കെതിരെ ഏറ്റുവാങ്ങിയ കനത്ത തോൽവിയും സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. സൂപ്പർ സിക്സിൽ 6 പോയിൻ്റാണ് ടീമിനുള്ളത്. എന്നാൽ നെറ്റ് റൺറേറ്റ് കുറവായതിൽ സ്കോട്ലൻഡ് നെതർലൻഡ്സ് മത്സരത്തിൽ വിജയിക്കുന്ന ടീമിന് പോയിൻ്റ് ടേബിളിൽ സിംബാബ്‌വെയെ മറികടക്കാം.

മറുഭാഗത്ത് വെറും രണ്ട് പോയിൻ്റ് മാത്രമായി സൂപ്പർ സിക്സിൽ പ്രവേശിച്ച സ്കോട്ലൻഡ് വെസ്റ്റിൻഡീസിനെയും സിംബാബ്‌വെയും തകർത്തുകൊണ്ടാണ് ലോകകപ്പ് യോഗ്യതക്കരികെ എത്തിയിരിക്കുന്നത്. ജൂലൈ ഏഴിന് നടക്കുന്ന പോരാട്ടത്തിൽ നെതർലൻഡ്സിനെ സ്കോട്ടിഷ് പട നേരിടും.