Skip to content

വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ്. ഐസിസി ലോകകപ്പ് ക്വാളിഫയറിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ വിൻഡീസ് ലോകകപ്പ് കാണാതെ പുറത്തായി. സൂപ്പർ സിക്സിൽ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വിൻഡീസിൻ്റെ പുറത്താകൽ ഉറപ്പായത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ വിജയമാണ് സ്കോട്ലൻഡ് നേടിയത്. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായ വിൻഡീസിനെതിരെ സ്കോട്ലൻഡ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ വെറും 181 റൺസിൽ ചുരുക്കികെട്ടിയ വെസ്റ്റിൻഡീസ് മറുപടി വിജയലക്ഷ്യം 43.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 107 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ മാത്യൂ ക്രോസ്, 106 പന്തിൽ 69 റൺസ് നേടിയ ബ്രാൻഡൻ മക്മല്ലൻ എന്നിവരുടെ മികവിലായിരുന്നു സ്കോട്ലൻഡിൻ്റെ വിജയം.

നാളെ നടക്കുന്ന നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന ടീമിന് യോഗ്യത ഉറപ്പിക്കാൻ സാധിക്കും.