Skip to content

സ്കോട്ടിഷ് വീര്യം ! വെസ്റ്റിൻഡീസിന് തോൽവി ലോകകപ്പിൽ നിന്നും പുറത്ത്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ഉണ്ടാകില്ല. ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സിലെ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വെസ്റ്റിൻഡീസ് യോഗ്യത കാണാതെ പുറത്തായത്.

7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ സ്കോട്ലൻഡ് കുറിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ സ്കോട്ലൻഡ് മറികടന്നു. 106 പന്തിൽ 69 റൺസ് നേടിയ ബ്രണ്ടൻ മക്മല്ലനും 107 പന്തിൽ 74 റൺസ് നേടിയ മാത്യൂ ക്രോസുമാണ് സ്കോട്ലൻഡിന് വിജയമൊരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് 43.5 ഓവറിൽ 181 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 45 റൺസ് നേടിയ ജേസൺ ഹോൾഡറും 36 റൺസ് നേടിയ റോമാരിയോ ഷെപ്പേർഡും മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്.

സ്കോട്ലൻഡിനായി ബ്രാൻഡൻ മക്കല്ലൻ മൂന്ന് വിക്കറ്റും മൈക്കൽ ലീസ്ക്, മാർക്ക് വാട്ട്, ക്രിസ് സോൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഗ്രൂപ്പ് ഘട്ടത്തിൽ വിൻഡീസിനോടും നെതർലൻഡ്സിനോടും തോറ്റതോടെ ഗ്രൂപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായി പോയിൻ്റ് ഒന്നും ഇല്ലാതെയാണ് വിൻഡീസ് സൂപ്പർ സിക്സിൽ എത്തിയത്. മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ വിൻഡീസിന് പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നുള്ളൂ.