Skip to content

അതിൽ തെറ്റുപറ്റിയിട്ടില്ല !! ഡിക്ലയർ ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആവേശവിജയമാണ് ഓസ്ട്രേലിയ നേടിയത്. അഞ്ചാം ദിനത്തിൽ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ രണ്ട് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇതിന് പുറകെ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.

സെഞ്ചുറി നേടിയ ജോ റൂട്ട് ക്രീസിൽ നിൽക്കെയാണ് ആദ്യ ദിനത്തിൽ 393/8 എന്നെ നിലയിൽ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. ആദ്യ ദിനം തന്നെ ഓസ്ട്രേലിയയെ ബാറ്റിങിനയച്ച് വിക്കറ്റ് നേടുകയായിരുന്നു സ്റ്റോക്സിൻ്റെ ലക്ഷ്യം. എന്നാൽ ആദ്യ ദിനം വിക്കറ്റ് നേടുവാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 386 റൺസ് നേടുകയും ചെയ്തു. വെറും 7 റൺസിൻ്റെ ലീഡ് മാത്രമാണ് ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ചത്.

എന്നാൽ ഈ തീരുമാനം തെറ്റായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ആ സമയത്ത് ഓസ്ട്രേലിയക്ക് മേൽ മേധാവിത്വം സ്ഥാപിക്കുവാൻ വേണ്ടിയാണ് ഡിക്ലയർ ചെയ്തതെന്നും ഡിക്ലയർ ചെയ്തില്ലായിരുന്നുവെങ്കിൽ എന്ന ചിന്തിക്കാൻ താനില്ലെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

” ഡിക്ലയർ ചെയ്തില്ലെങ്കിൽ ഒരുപക്ഷേ 40 റൺസ് അധികമായി ലഭിച്ചേനെ ! അല്ലെങ്കിൽ രണ്ട് പന്തിൽ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ടമായേനെ. പക്ഷേ ഓസ്ട്രേലിയക്ക് മേൽ മേധാവിത്വം സ്ഥാപിക്കാനുള്ള അവസരം മുന്നിലെത്തിയതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്തത്. ഞങ്ങൾ ഡിക്ലയർ ചെയ്തില്ലെങ്കിൽ അഞ്ചാം ദിനം ഇത്രയും ആവേശം ലഭിക്കുമോയെന്നത് സംശയമാണ്. ” സ്റ്റോക്സ് പറഞ്ഞു.