Skip to content

ഇത് ചരിത്രം !! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമായി ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലെ വമ്പൻ വിജയത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് ബംഗ്ലാദേശ്. ധാക്കയിൽ നടന്ന ഇരുടീമുകളും തമ്മിലുള്ള ഒരേയൊരു ടെസ്റ്റിലായിരുന്നു ഗംഭീര വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്.

546 റൺസിനായിരുന്നു മത്സരത്തിൽ ബംഗ്ലാദേശിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 662 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് 115 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദും മൂന്ന് വിക്കറ്റ് നേടിയ ഷോറിഫുൾ ഇസ്ലാമുമാണ് അഫ്ഗാനെ തകർത്തത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. 1934 ൽ ഇംഗ്ലണ്ടിനെതിരെ 562 റൺസ് നേടിയ ഓസ്ട്രേലിയയും 1928 ൽ ഓസ്ട്രേലിയക്കെതിരെ 675 റൺസിന് വിജയിച്ച ഇംഗ്ലണ്ടുമാണ് ഈ നേട്ടത്തിൽ ബംഗ്ലാദേശിന് മുൻപിലുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇത് നാലാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീം 500 റൺസിന് വിജയിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ മാത്രമാണ് ഇതിന് മുൻപ് 500 റൺസിന് വിജയിച്ചിട്ടുള്ളത്.