Skip to content

പാഠം പഠിച്ച് ബിസിസിഐ !! സഞ്ജു ടീമിലേക്ക് തിരികെയെത്തുന്നു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ മൂന്ന് ഫോർമാറ്റിലും നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. അടുത്ത മാസം നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഈ മാറ്റങ്ങൾ കാണാനാകും.

റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീമിൽ നിന്നും സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര പുറത്തായേക്കും. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജയ്സ്വാളിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരുമ്പോൾ ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവർ തങ്ങളുടെ സ്ഥാനം നിലനിർത്തും.

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്. അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായതിനാൽ ഈ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്. വെസ്റ്റിൻഡീസ് പോലെയൊരു ടീമിനെതിരെ സമനില നേടിയാൽ പോലും അത് തിരിച്ചടിയാകും.

ഹാർദിക്ക് പാണ്ഡ്യയാകും ടി20 പരമ്പരയിൽ ടീമിനെ നയിക്കുക. സീനിയർ താരങ്ങൾക്കെല്ലാം ഇന്ത്യ ടി20 യിൽ വിശ്രമം അനുവദിക്കും. ഐ പി എല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചില്ലയെങ്കിലും സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടി20 ടീമിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ പരിഗണിക്കും. തകർപ്പൻ ഫോമിലുള്ള ജയ്സ്വാളും ടി20 ടീമിൽ ഇടം നേടിയേക്കും.