Skip to content

അത് അനീതിയാകും ! യുവതാരങ്ങൾക്ക് വേണ്ടി ടീമിലെ സ്ഥാനം നിരസിച്ച് വൃദ്ധിമാൻ സാഹ

ദുലീപ് ട്രോഫിയിലെ ഈസ്റ്റ് സോൺ ടീമിലേക്കുള്ള ഓഫർ നിരസിച്ച് സീനിയർ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ഇഷാൻ കിഷൻ പിന്മാറിയതോടെയാണ് സെലക്ടർമാർ വൃദ്ധിമാൻ സാഹയെ സമീപിച്ചത്. എന്നാൽ വൃദ്ധിമാൻ സാഹ ആ ഓഫർ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഓഫർ നിരസിക്കാൻ സാഹ മുന്നോട്ട് വെച്ച കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് ത്രിപുര സെലക്ടർ.

ഇന്ത്യയ്ക്ക് വേണ്ടി ഭാവിയിൽ കളിക്കാൻ സാധിക്കുന്ന കളിക്കാരെയാണ് ദുലീപ് ട്രോഫിയിൽ കളിപ്പിക്കേണ്ടതെന്നും അതിൽ താൻ കളിക്കുന്നത് അനീതിയാകുമെന്നും ഒരു യുവതാരമാണ് അവസരം അർഹിക്കുന്നതെന്നുമായിരുന്നു സാഹ തങ്ങൾക്ക് നൽകിയ മറുപടിയെന്ന് ത്രിപുര സെലക്ടർ വെളിപ്പെടുത്തി.

അഭിഷേക് പോറലിനെയാണ് സാഹ പിന്മാറിയതോടെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത്. ഈ ഐ പി എൽ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് സാഹ കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനായി 16 മത്സരങ്ങളിൽ നിന്നും 371 റൺസ് താരം നേടിയിരുന്നു. 2021 ലെ ന്യൂസിലൻഡ് പര്യടനത്തിന് ശേഷമാണ് സാഹ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത്. ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കില്ലെന്ന് രാഹുൽ ദ്രാവിഡ് തന്നോട് പറഞ്ഞുവെന്നുള്ള സാഹയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.