Skip to content

ന്യൂസിലൻഡിന് കനത്ത തിരിച്ചടി മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ ന്യൂസിലൻഡ് ടീമിന് വീണ്ടും തിരിച്ചടി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിന്നാലെ മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്തായി. ടീമിലെ സ്പിൻ ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലാണ് പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായത്.

ഇംഗ്ലണ്ടിലെ ആഭ്യന്തര ടി20 ലീഗായ ടി20 ബ്ലാസ്റ്റിൽ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്കിൽ നിന്നും മുക്തനാകുവാൻ 6 മുതൽ എട്ട് മാസം വരെ താരത്തിന് വേണ്ടിവരും. നേരത്തെ ഐ പി എല്ലിലെ ആദ്യ മൽസരത്തിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റതോടെയാണ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ലോകകപ്പിൽ നിന്നും പുറത്തായത്.

ന്യൂസിലൻഡിനായി മികച്ച പ്രകടനമാണ് മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചുകൊണ്ടിരുന്നത്. അയർലൻഡിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും താരം നടത്തിയ ഒറ്റയാൾ പോരാട്ടം ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും താരം കളിച്ചിരുന്നു.