Skip to content

ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ക്രിക്കറ്റിൽ ഫ്രാഞ്ചൈസി ലീഗുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ ടെസ്റ്റ് ക്രിക്കറ്റിനെയും അന്താരാഷ്ട്ര ക്രിക്കറ്റിനെയും സംരക്ഷിക്കാൻ കടുത്ത നടപടിയുമായി ഐസിസി. ഐ പി എൽ അടക്കമുളള ലീഗുകൾക്കാണ് ഐസിസി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

ഫ്രാഞ്ചൈസി ലീഗുകൾക്ക് ജനപ്രീതി ഏറിവരുന്ന സാഹചര്യത്തിൽ പല ക്രിക്കറ്റ് താരങ്ങളും ഇപ്പോൾ നാഷണൽ ക്രിക്കറ്റ് ബോർഡുകളുമായുള്ള കരാറിൽ നിന്നും പിന്മാറികൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡ് താരം ട്രെൻഡ് ബോൾട്ടായിരുന്നു ആദ്യമായി ഇത്തരത്തിൽ നാഷണൽ കരാർ വേണ്ടെന്ന് വെച്ചതാരം. അവസാനമായി ഇംഗ്ലണ്ട് സൂപ്പർതാരം ജേസൺ റോയും നാഷണൽ കരാർ വേണ്ടെന്ന് വെച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ തൊഴിലുടമകൾ ഭാവിയിൽ ഫ്രാഞ്ചൈസി ടീമുകളാകുമെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.

സാഹചര്യങ്ങൾ കൂടുതൽ കൈവിട്ടുപോകുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് ക്രിക്കറ്റ് ബോർഡുകളെ സംരക്ഷിക്കാൻ ഐസിസി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം എല്ലാ ടി20 ലീഗിലെയും പ്ലേയിങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി ഐസിസി നിശ്ചയിക്കും. ഐ പി എല്ലിനെ ഇത് ബാധിക്കുകയില്ലെങ്കിലും യു എ ഇയുടെ ടി20 ലീഗിനും അമേരിക്കയിൽ ആരംഭിക്കാനിരിക്കുന്ന ലീഗിനും ഇത് തിരിച്ചടിയാകും.

കൂടാതെ കളിക്കാരെ സ്വന്തമാക്കുമ്പോൾ അവർക്ക് നൽകുന്ന സാലറിയിലെ 10 ശതമാനം ആ കളിക്കാരൻ്റെ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡിന് ടീമുകൾ നൽകേണ്ടിവരും. ലീഗുകൾ കൂടുതൽ വളരുമ്പോൾ ഇത് ക്രിക്കറ്റ് ബോർഡുകൾക്ക് വലിയ വരുമാനമായിരിക്കും നേടികൊടുക്കുക.

ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ലീഗുകളെ ഐസിസി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. കൂടാതെ ഈ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ മറ്റു ലീഗുകളിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കുകയും ചെയ്യും.