Skip to content

ആദ്യ ദിനം തന്നെ ഇന്ത്യ തോറ്റു ! ഫൈനലിലെ തോൽവിയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. ഫൈനൽ പോരാട്ടത്തിൽ 209 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യൻ ആരാധകരിലെ വിജയപ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഏഴ് വിക്കറ്റ് നേടികൊണ്ട് ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു.

എന്നാൽ മത്സരത്തിലെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയം ഉറപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയക്ക് അനുകൂലമാക്കിയെന്നും ആ കൂട്ടുകെട്ട് ഒഴിച്ചുനിർത്തിയാൽ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെന്നും റോജർ ബിന്നി പറഞ്ഞു.

” ആദ്യ ദിനം തന്നെ നമ്മൾ തോറ്റു. ഓസ്ട്രേലിയക്ക് ലഭിച്ച ആ വലിയ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിതിരിവായത്. അതൊഴിച്ചുനിർത്തിയാൽ മത്സരം സമാസമമായിരുന്നു. ” റോജർ ബിന്നി പറഞ്ഞു.

ഐസിസി ഏകദിന ലോകകപ്പ് വരാനിരിക്കെ തോൽവിയിൽ നിരാശരായി ഇരിക്കുവാൻ സാധിക്കുകയില്ലെന്നും സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ മികവ് പുലർത്തുമെന്ന് ഉറപ്പാക്കണമെന്നും ഇനി അതാണ് പ്രധാനപെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.