Skip to content

തോൽവിയ്ക്ക് പുറകെ ഗില്ലിനും ഇന്ത്യൻ ടീമിനുമെതിരെ നടപടിയെടുത്ത് ഐസിസി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ഇന്ത്യൻ ടീമിനെതിരെയും യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെതിരെയും നടപടിയെടുത്തിരിക്കുകയാണ് ഐ സി സി.

മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ഇന്ത്യൻ ടീമിനെതിരെ നടപടിയെടുത്തിരിക്കുന്നത്. നിശ്ചിത സമയത്തിന് അഞ്ച് ഓവർ പുറകിലായിരുന്നു ഇന്ത്യൻ ടീം. ഇതോടെ മാച്ച് ഫീയുടെ നൂറ് ശതമാനം ഇന്ത്യൻ ടീമിന് ശിക്ഷയായി വിധിച്ചു. ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെയും ഐസിസി നടപടിയെടുത്തിട്ടുണ്ട്. നാലോവർ പുറകിലായിരുന്ന ഓസ്ട്രേലിയ മാച്ച് ഫീയുടെ 80 ശതമാനം പിഴയായി നൽകേണം.

മത്സരത്തിൽ തേർഡ് അമ്പയറുടെ വിവാദതീരുമാനത്തിൽ പുറത്തായതിന് പുറകെ സോഷ്യൽ മീഡിയയിൽ പരസ്യമായ പ്രതിഷേധം അറിയിച്ച ശുഭ്മാൻ ഗില്ലിനെതിരെയും ഐസിസി നടപടി സ്വീകരിച്ചു. പരസ്യ വിമർശനത്തിലൂടെ ഐസിസി പെരുമാറ്റചട്ടം ഗിൽ ലംഘിച്ചുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയ ഐസിസി മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി വിധിച്ചിരിക്കുന്നത്.