Skip to content

അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല !! ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. ഫൈനലിലെ ഇന്ത്യയുടെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച സച്ചിൻ ട്രാവിസ് ഹെഡ് – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടോടെയാണ് മത്സരം ഓസ്ട്രേലിയക്ക് അനുകൂലമായതെന്നും തുറന്നുപറഞ്ഞു.

ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അശ്വിനെ ഒഴിവാക്കികൊണ്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. ഇന്ത്യയുടെ തീരുമാനം തെറ്റായിപോയെന്ന് മത്സരശേഷം സച്ചിൻ ടെണ്ടുൽക്കർ ചൂണ്ടികാട്ടി. ഉമേഷ് യാദവ്, താക്കൂർ എന്നിവരെ ഒഴിവാക്കി മാത്രമേ അശ്വിനെ ഉൾപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. മത്സരത്തിൽ 2 വിക്കറ്റ് മാത്രമാണ് ഇരുവർക്കും നേടുവാൻ സാധിച്ചത്. മറുഭാഗത്ത് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റും നേതൻ ലയൺ നേടിയിരുന്നു.

” ട്രാവിസ് ഹെഡിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ ആവശ്യമായിരുന്നു. പക്ഷേ അവർക്കതിന് സാധിച്ചില്ല. ”

” പ്ലേയിങ് ഇലവനിൽ നിന്നും അശ്വിനെ ഒഴിവാക്കിയ തീരുമാനം എനിക്ക് മനസ്സിലാവുന്നില്ല. അവൻ ലോകത്തിലെ നമ്പർ വൺ ടെസ്റ്റ് ബൗളറാണ്. അവനെ പോലെ കഴിവുള്ള സ്പിന്നർമാർക്ക് വിക്കറ്റ് നേടുവാൻ ടേണിങ് ട്രാക്ക് ആവശ്യമില്ല. വായുവിലെ ഡ്രിഫ്റ്റും പിച്ചിലെ ബൗൺസും ഉപയോഗിച്ച് അവർക്ക് വിക്കറ്റ് നേടാം. അവരുടെ എട്ട് മുൻനിര ബാറ്റ്സ്മാന്മാരിൽ അഞ്ചും ഇടംകയ്യന്മാരാണെന്ന കാര്യവും മറന്നുകൂടാ ” സച്ചിൻ പറഞ്ഞു.