Skip to content

ഐ പി എൽ കാരണം ഒന്നിനും സമയം കിട്ടിയില്ല !! ഫൈനലിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയോട് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മത്സരത്തിൽ 209 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ദിനം മുതൽകൈ മത്സരത്തിൽ ഓസ്ട്രേലിയ മേധാവിത്വം പുലർത്തിയപ്പോൾ മൂന്നാം ദിനത്തിലും നാലാം ദിനത്തിലുമാണ് ഇന്ത്യ മികച്ച പോരാട്ടം കാഴ്ച്ചവെച്ചത്.

മത്സരത്തിനായി തയ്യാറെടുക്കുവാൻ മതിയായ സമയം ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മേയ് മാസം അവസാനത്തോടെയാണ് ഐ പി എൽ അവസാനിച്ചത്. അതിന് ശേഷം ഒരാഴ്ച്ച മാത്രമാണ് ഫുൾ സ്ക്വാഡുമായി ഇന്ത്യയ്ക്ക് പരിശീലിക്കാൻ സാധിച്ചത്. മറുഭാഗത്ത് ഫൈനലും ആഷസും മുന്നിൽ കണ്ടുകൊണ്ട് സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ് എന്നിവർ ഐ പി എല്ലിൽ നിന്നും പിന്മാറിയിരുന്നു. മിച്ചൽ സ്റ്റാർക്ക് ആകട്ടെ ടി20 ലീഗുകളിൽ കളിക്കില്ലെന്ന തീരുമാനത്തിലാണ്.

” ഇവിടെ ഷെഡ്യൂൾ വളരെ ടൈറ്റാണ്. ഐ പി എല്ലിന് ശേഷം ഫൈനലിന് തയ്യാറെടുക്കാൻ ഏറിയാൽ ഒരാഴ്ച്ച മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞാൻ എക്സ്ക്യൂസ് പറയുകയല്ല. ഓസ്ട്രേലിയക്ക് എൻ്റെ അഭിനന്ദനങ്ങൾ. ” രാഹുൽ ദ്രാവിഡ് മത്സരശേഷം പറഞ്ഞു.