Skip to content

ഫൈനൽ മൂന്ന് മത്സരങ്ങളാക്കി നടത്തണം !! തോൽവിയ്ക്ക് പുറകെ ആവശ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യൻ ടീം. അഞ്ചാം ദിനം വലിയ പ്രതീക്ഷയോടെ എത്തിയ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. തോൽവിയ്ക്ക് പുറകെ അടുത്ത ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

അടുത്ത സൈക്കിളിൽ ഫൈനൽ ഒരു മത്സരത്തിലൊരുക്കാതെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയായി നടത്തണമെന്ന നിർദ്ദേശമാണ് രോഹിത് ശർമ്മ മുൻപോട്ട് വെച്ചിരിക്കുന്നത്. രണ്ട് വർഷം ഫൈനലിലെത്തുവാൻ കഷ്ടപെട്ട ശേഷം ഒരേയൊരു അവസരം മാത്രം ഫൈനലിൽ നൽകുന്നത് ശരിയല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

” പരമ്പരയായി ഫൈനൽ നടത്തുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ അതിന് സമയമുണ്ടോ ? അതാണ് വലിയ ചോദ്യം. ഇരു ടീമുകൾക്കും ന്യായമായ അവസരം നൽകേണ്ടതുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര നല്ലതായിരിക്കും. അതിനായി വിൻഡോ കണ്ടെത്തേണ്ടതുണ്ട്. 2 വർഷമായി പ്രയത്നിച്ച ശേഷം ഒരേയൊരു അവസരം മാത്രം ലഭിക്കുന്നു. അതിൽ താളം കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ആ താളം കണ്ടെത്തലാണ്. അടുത്ത സൈക്കിളിൽ ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നത് നല്ലതായിരിക്കും. ” രോഹിത് ശർമ്മ പറഞ്ഞു.