Skip to content

സെവാഗിനും സച്ചിനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റൺചേസിൽ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഇതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്.

444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി 60 പന്തിൽ 43 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 13000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 13000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.

ഓപ്പണറായി 15758 റൺസ് നേടിയ വീരേന്ദർ സെവാഗും 15335 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുമാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

ഇത് കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. 69 സിക്സ് നേടിയിട്ടുള്ള സച്ചിനെ പിന്തള്ളിയാണ് രോഹിത് ശർമ്മ മൂന്നാം സ്ഥാനത്ത് എത്തിയത്. 90 സിക്സ് നേടിയ വീരേന്ദർസെവാഗും 78 സിക്സ് നേടിയ എം എസ് ധോണിയുമാണ് ഈ നേട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.