Skip to content

വിജയലക്ഷ്യം 450 കടന്നാലും മറികടക്കും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാർദുൽ താക്കൂർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ 450 ന് മുകളിൽ വിജയലക്ഷ്യം ഉയർത്തിയാലും അത് മറികടക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്.

51 റൺസ് നേടികൊണ്ട് രഹാനെയ്ക്കൊപ്പമുള്ള താരത്തിൻ്റെ 109 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചതും ഓസ്ട്രേലിയയുടെ ലീഡ് പരമാവധി കുറച്ചതും. ആദ്യ ഇന്നിങ്സിൽ 173 റൺസിൻ്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്. നിലവിൽ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയിട്ടുണ്ട്. 374 റൺസിന് മുൻപിലാണ് ഓസ്ട്രേലിയയുള്ളത്.

ക്രിക്കറ്റ് പ്രവചിക്കാൻ കഴിയാത്ത ഗെയിമാണെന്നും ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടായാൽ 450 അല്ലെങ്കിൽ അതിന് മുകളിലുള്ള വിജയലക്ഷ്യം ചേസ് ചെയ്യുവാൻ തങ്ങൾക്ക് സാധിക്കുമെന്നും കഴിഞ്ഞ വർഷം ഇംഗ്ലണ്ട് 400 റൺസ് ചേസ് ചെയ്ത് വിജയിച്ചുവെന്നത് കാണാതെ പോകരുതെന്നും താക്കൂർ പറഞ്ഞു.