Skip to content

ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ട്രാവിസ് ഹെഡിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഹെഡിനെ പോണ്ടിങ് പ്രശംസിച്ചത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 174 പന്തിൽ 25 ഫോറും ഒരു സിക്സും ഉൾപ്പടെ 163 റൺസ് നേടിയാണ് ഹെഡ് പുറത്തായത്. 93.68 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത താരം കൂടിയാണ് ഹെഡ്.

” ട്രാവിസ് ഹെഡ് ഗിൽക്രിസ്റ്റിനെ പോലെ തന്നെയാണ്. ഗിൽക്രിസ്റ്റിനേക്കാൾ വേഗത്തിൽ അവൻ റൺസ് നേടുന്നുണ്ട്. ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ അവൻ്റെ സ്ട്രൈക്ക് റേറ്റ് 81 ന് മുകളിലാണ്. ലോകത്തിൽ 500 റൺസ് നേടിയ ഏതൊരു ബാറ്റ്സ്മാനേക്കാളും കൂടുതലാണത്. ”

” അവൻ്റെ കോൺഫിഡൻസ് മത്സരങ്ങൾ തോറും വർധിക്കുകയാണ്. അവൻ്റെ സ്ട്രൈക്ക് റേറ്റും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ തന്നെ ബൗണ്ടറി കണ്ടെത്തി അവൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നു. മിഡിൽ ഓവർ ബാറ്റ്സ്മാന്മാർ ചെയ്യേണ്ടതും അതുതന്നെയാണ്. ” പോണ്ടിങ് പറഞ്ഞു.