Skip to content

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു.

2019 ലെ ആഷസ് പരമ്പരയിൽ എറൗണ്ട് ദി വിക്കറ്റ് പന്തെറിഞ്ഞുകൊണ്ട് വാർണറിനെ ബ്രോഡ് വീഴ്ത്തിയിരുന്നു. ആ പരമ്പരയിൽ 10 ഇന്നിങ്സിൽ ഏഴ് തവണയും വാർണറിനെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കിയിരുന്നു. ബ്രോഡിനെതിരെ വെറും 61 റൺസ് നേടുവാൻ മാത്രമാണ് വാർണറിന് സാധിച്ചത്.

” വാർണർ ഒരു ക്ലാസ് പ്ലേയറാണ്. പെട്ടെന്ന് എറൗണ്ട് വിക്കറ്റിൽ പന്തെറിഞ്ഞുകൊണ്ട് എളുപ്പത്തിൽ അവൻ്റെ വിക്കറ്റ് നേടാൻ സാധിക്കില്ല. അത്രയും എളുപ്പമായിരുന്നുവെങ്കിൽ നൂറ് ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കില്ലായിരുന്നു. ”

” മറച്ചുവെയ്ക്കാൻ ആർക്കും കഴിയില്ല, എല്ലാവർക്കും പരസ്പരം അവരുടെ കുറവുകൾ അറിയാം. അതെങ്ങനെ പ്രതിരോധിക്കുന്നു എന്നതിലാണ് കാര്യം. ഓരോ ബാറ്റ്സ്മാനും ശക്തിയും ദൗർബല്യവും ഉണ്ടാകും. ഡേവിഡ് വാർണർ വിജയിച്ച ബാറ്റ്സ്മാനാണ്. അവൻ്റെ വിക്കറ്റ് എത്രത്തോളം പ്രധാനപെട്ടതാണെന്ന് ഞങ്ങൾക്കറിയാം. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.