Skip to content

അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്കയുടെ തിരിച്ചുവരവ് ! രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. 132 റൺസിനാണ് അഫ്ഗാനിസ്ഥാനെ ശ്രീലങ്ക തകർത്തത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 324 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അഫ്ഗാനിസ്ഥാന് 42.1 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 54 റൺസ് നേടിയ ഇബ്രാഹിം സദ്രാനും 57 റൺസ് നേടിയ ഹഷ്മതുള്ള ഷാഹിദിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക, ധനഞ്ജയ ഡി സിൽവ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ചമീര ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 75 പന്തിൽ 78 റൺസ് നേടിയ കുശാൽ മെൻഡിസ്, 52 റൺസ് നേടിയ കരുണരത്നെ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഹസരങ്ക 12 പന്തിൽ 29 റൺസും ക്യാപ്റ്റൻ ഷണക 13 പന്തിൽ 23 റൺസും നേടി അവസാന ഓവറുകളിൽ മികവ് പുലർത്തി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ജൂൺ ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം.