Skip to content

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

മികച്ച പ്രകടനമാണ് അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ വെറും 18 റൺസിനായിരുന്നു താരത്തിന് ഡബിൾ സെഞ്ചുറി നഷ്ടമായത്. ഡബിൾ സെഞ്ചുറി നേടുവാൻ സാധിച്ചില്ലയെങ്കിൽ ഈ പ്രകടനത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 93 വർഷം നീണ്ട റെക്കോർഡ് താരം തകർത്തിരിക്കുകയാണ്.

ഇംഗ്ലണ്ട് 524 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്നിങ്സിൽ 178 പന്തിൽ 24 ഫോറും ഒരു സിക്സും ഉൾപ്പടെ 182 റൺസ് നേടിയാണ് താരം പുറത്തായത്. വെറും 106 പന്തിൽ നിന്നും സെഞ്ചുറി നേടിയ താരം 150 പന്തിൽ നിന്നും 150 റൺസ് നേടുകയും ചെയ്തിരുന്നു. ഇതോടെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 150 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ഡക്കറ്റ് സ്വന്തമാക്കി.

1930 ൽ 166 പന്തിൽ നിന്നും 150 റൺസ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ്റെ റെക്കോർഡാണ് ഡക്കറ്റ് തകർത്തത്. മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ ഒല്ലി പോപ്പ് 166 പന്തിൽ 150 നേടികൊണ്ട് ഈ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തിട്ടുണ്ട്.